കുവൈത്ത്: മയക്കുമരുന്ന് കലർന്ന പേപ്പറുകളുമായി കുവൈത്തിൽ പ്രവാസി അറസ്റ്റിൽ. ഏഷ്യക്കാരനാണ് പിടിയിലായത്. എ4 പേപ്പറുകളിൽ മയക്കുമരുന്ന് കലർത്തി കടത്താൻ ശ്രമിക്കവെയാണ് കുവൈത്ത് നാർക്കോട്ടിക് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്.
10 എ4 ഷീറ്റുകളാണ് പ്രതിയിൽനിന്ന് കണ്ടെടുത്തത്. കെമിക്കൽ മയക്കുമരുന്നിൽ പേപ്പർ മുക്കിയുണക്കി കടത്തുകയായിരുന്നു ഉദ്യോഗസ്ഥർ പറഞ്ഞു. മയക്കുമരുന്ന് കലർന്ന പേപ്പറുകൾ കൂടാതെ ശാബുവെന്ന പേരിലുള്ള അഞ്ച് ഗ്രാം മയക്കുമരുന്ന് വേറെയും പിടികൂടി.
സ്റ്റാമ്പ് രൂപത്തിലുള്ള മയക്കുമരുന്നുകൾ നേരത്തെ തന്നെ പ്രചാരത്തിലുള്ളവയാണ്. അത് എ4 രൂപത്തിലേക്ക് വരുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്നാണ് തെളിയിക്കുന്നതെന്നും വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലഹരിക്കടത്ത് തടയാൻ കുവൈത്ത് പരിശോധന ശക്തമാക്കിയതോടെയാണ് ലഹരി സംഘങ്ങൾ അതിനൂതനമായ വഴികൾ പരീക്ഷിക്കുന്നത്.